രാജീവ് ഗാന്ധി വധം ; 31 വര്‍ഷങ്ങള്‍ക്ക് ശേഷം പേരറിവാളന് മോചനം

മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ജയില്‍ മോചനം. 32 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളനെ വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് വിധി. പേരറിവാളന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ തമിഴ്നാട് മന്ത്രിസഭ തീരുമാനമെടുത്തതാണെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതില്‍ തമിഴ്നാട് ഗവര്‍ണര്‍ കാണിക്കുന്ന കാലതാമസം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോള്‍ ലഭിച്ചു. ജയില്‍ മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു പേരറിവാളന്‍.

2018-ല്‍ പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറി. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ ജീവിതം. പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. 1991 ജൂണ്‍ 11ന് പെരിയാര്‍ ചെന്നൈയിലെ തിഡലില്‍വച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനായി കൊലയാളികള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ക്കായി ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികള്‍ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. അന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനായി വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തെത്തി. മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥയാണ് പേരറിവാളന്റെ നിയമപോരാട്ടം. പേരറിവാളനും മറ്റ് 25 പ്രതികള്‍ക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരമാണ് (Tada Act)കേസെടുത്തത്.

1998ല്‍ ടാഡ വിചാരണാകോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
1999 മെയില്‍ സുപ്രീംകോടതി കേസില്‍ 19 പേരെ വെറുതെവിട്ടെങ്കിലും മുരുകന്‍, ഭാര്യ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരില്‍ നാലുപേര്‍ക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. 2000 ല്‍ നളിനിയുടെ ദയാഹര്‍ജി തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ചു. മറ്റുള്ളവരുടെ ഹര്‍ജികള്‍ രാഷ്ട്രപതിക്ക് അയച്ചു. ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ല്‍ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. കൂടാതെ സര്‍ക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നല്‍കി. ഇതിനു തൊട്ടടുത്ത ദിവസം അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത് പിന്നീട് സുപ്രിംകോടതി സ്റ്റേ ചെയ്തു.