കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കും
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കാന്‍ തീരുമാനം. തേവരയിലെ 28 ബസുകളില്‍ 10 എണ്ണമാണ് സ്‌ക്രാപ്പ് ചെയ്യുന്നത്. ഇതാദ്യമായാണ് ലോഫ്‌ലോര്‍ ബസുകള്‍ പൊളിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് വരുന്ന വര്‍ദ്ധിച്ച ചെലവും പതിനൊന്ന് വര്‍ഷത്തിലധികമുള്ള കാലപ്പഴക്കവും മൂലമാണ് ബസുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നത്. നന്നാക്കി ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകള്‍ പൊളിച്ചുവില്‍ക്കാനുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്.
ഒമ്പതുമുതല്‍ 16 വരെ വര്‍ഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തില്‍ സ്‌ക്രാപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ 2800 ബസുകള്‍ വിവിധ ഡിപ്പോകളില്‍ ‘തള്ളി’യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കോര്‍പ്പറേഷന്‍ നിഷേധിച്ചിരുന്നു. കൊവിഡിനുമുമ്പ് 4336 ഷെഡ്യൂളുകളില്‍ 6202 ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഓടിച്ചതാണ്. കൊവിഡ് വന്നതോടെ എല്ലാം താളംതെറ്റി. ലോക്ഡൗണില്‍ മുഴുവന്‍ ബസുകളും നിര്‍ത്തിയിടേണ്ടിവന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചശേഷവും ജന്റം ലോഫ്‌ലോര്‍ ബസുകള്‍ പൂര്‍ണമായി ഇറക്കാനായിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിരുന്നു.