അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കുരങ്ങു പനി സ്ഥിതീകരിച്ചു

ആഫ്രിക്കയില്‍ മാത്രം കണ്ടു വന്നിരുന്ന കുരങ്ങ് പനി ലോകത്തിന്റെ മറ്റിടങ്ങളിലെയ്ക്കും വ്യാപിക്കുന്നു. അമേരിക്ക, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത മസാച്യുസെറ്റ്‌സ് സ്വദേശിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളില്‍ മെയ് ആദ്യം മുതല്‍ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പനി പടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് കുരങ്ങുപനി പകരുന്നത്.

സ്പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടണില്‍ മേയ് ആറിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുകയാണ്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. യുകെയില്‍ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയില്‍ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മുഖത്തും ശരീരത്തും ചിക്കന്‍ പോക്സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍.