പാലക്കാട് പൊലീസുകാര്‍ മരിച്ചത് പന്നിക്കെണി’യില്‍ നിന്ന് ഷോക്കേറ്റ് ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേര്‍ കസ്റ്റഡിയില്‍. പന്നിക്ക് വേണ്ടി വെച്ച കെണിയില്‍പ്പെട്ടാണ് പൊലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി.
ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. പന്നിക്ക് വേണ്ടി വയലില്‍ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു.
രാവിലെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയത്. ക്യാമ്പില്‍ നിന്ന് നൂറുമീററ്റര്‍ അകലെ കൊയത്തുകഴിഞ്ഞ വയലില്‍ രണ്ടുഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തമ്മില്‍ നൂറുമീറ്ററില്‍ താഴെ മാത്രം ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റതുപോലെയുള്ള പാടുകളുമുണ്ട്. ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുമ്പോഴും മരിച്ചു കിടന്ന സ്ഥലത്ത് വൈദ്യുത കമ്പികള്‍ പൊട്ടി വീണിട്ടില്ലെന്നും വന്യമൃഗങ്ങളെ തുരത്താനുള്ള ഫെന്‍സിങ്ങോ സമീപത്തില്ലെന്നതും ദുരൂഹയുയര്‍ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാര്‍ കസ്റ്റഡിയിലായത്. രാത്രി ബാഡ്മിന്റണ്‍ കളിച്ച് മടങ്ങിയതായിരുന്നു ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവര്‍ തെരച്ചില്‍ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചില്‍ വ്യാപിപ്പിച്ചപ്പോഴാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.