ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ; തെളിവ് എവിടെ എന്ന് കോടതി

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷന്‍ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്. ഇതെല്ലാം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു. എന്നാല്‍ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നല്‍കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെടുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. എന്നാല്‍ ഇങ്ങനെ പറഞ്ഞാല്‍ പോരെന്നും തെളിവുണ്ടോ എന്നും കോടതി ചോദിച്ചു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷനെ വെട്ടിലാക്കി.

അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിന്റെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പ്രതികരിച്ചു.