സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കെ പി സി സി പ്രസിഡന്റിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധം ആക്കാനുള്ള സി പി എം ശ്രമം വിജയിക്കില്ല. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആളുകളെ ഏതൊക്ക ഭാഷയില്‍ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല ചൂണ്ടികാട്ടി. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന തെറ്റായ ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ താമസിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്ദാനം നല്‍കുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതടക്കമുള്ള സംഭവങ്ങള്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനം ആണ് തൃക്കാക്കരയില്‍ നടക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നേരത്തെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ യു ഡി എഫ് തള്ളിക്കളയുന്നു എന്നായിരുന്നു സതീശന്‍ പ്രതികരിച്ചത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറാണ്. എം എം മണിയുടേയും പിണറായിയുടെയും വാക്കുകളില്‍ തുടങ്ങാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ വിവാദ പരമാര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സി പി എം നേതാക്കള്‍ ഉന്നയിക്കുന്നത്.തൃക്കാക്കരയിലെ പരാജയ പരാജയഭിതിക്കും വെപ്രാളത്തിനും ഇതാണോ പരിഹാരമെന്നാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചത്. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കി ജയിക്കാമെന്നാണോ കോണ്‍ഗ്രസ് കരുതന്നത് ? മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്, എന്തും ആരെയും പറയാം എന്ന നിലയാണോ? എന്തും പറയാനുള്ള ലൈസന്‍സ് ആണോ ചിന്തന്‍ ശിബിരം നല്‍കിയത്? ഇതില്‍ എ ഐ സി സി എന്ത് നിലപാട് സ്വീകരിക്കും, ആര് നിയമം ലംഘിച്ചാലും നടപടി എടുക്കേണ്ടവര്‍ക്ക് നേരെ അത് എടുക്കും – ഇതായിരുന്നു ഇ പിയുടെ വാക്കുകള്‍.