ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍. കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിര്‍ദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരി?ഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റുകയും ചെയ്തു. 2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂര്‍ സ്വദേശിനി പരാതിയില്‍ ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്ന് ഇത്രയും വര്‍ഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ ആദ്യം മുതല്‍ക്ക് പോലീസ് ഒളിച്ചു കളിക്കുകയായിരുന്നു. പരാതി ലഭിച്ചു എങ്കിലും അന്വേഷണം നടത്തുവാനോ പ്രതിയെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിരുന്നില്ല. ഇരയായ സ്ത്രീ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്ന സ്ഥിതി ഉണ്ടായിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ല എന്നത് ഞെട്ടിക്കുന്നതാണ്. ദിലീപ് വിഷയത്തില്‍ പോലീസിന്റെ തുറുപ്പ് ചീട്ടാണ് ബാലചന്ദ്രകുമാര്‍. അതുകൊണ്ടു തന്നെ പ്രതിയെ സംരക്ഷിക്കാന്‍ ആണ് പോലീസ് ശ്രമം.