കാട്ടുപന്നിക്കായി കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം വിതുരയില്‍ കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കനാണു മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയില്‍ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയില്‍ ഇത് തടയാന്‍ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടകാരണമായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ടു യുവ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. അവിടെയും കാട്ടു പന്നിയെ തടയാന്‍ വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് ആയിരുന്നു മരണം.