സാമ്പത്തിക ഞെരുക്കത്തിന്റെ ഇടയിലും ആഡംബരം കുറയുന്നില്ല ; മന്ത്രിമാരുടെ പരിപാടികള്‍ക്കുള്ള ഫണ്ട് ഇരട്ടിയാക്കി സര്‍ക്കാര്‍

ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് സംസ്ഥാനം ഉഴലുന്ന സമയത്തും ആഡംബരം കുറയ്ക്കാതെ പിണറായി സര്‍ക്കാര്‍. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ ഉയര്‍ത്തി. നിലവിലുള്ള 25,000 രൂപയില്‍ നിന്ന് തുക 75,000 രൂപയായാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതിനിടെയാണു തുകയില്‍ മൂന്നിരട്ടി വര്‍ധന നരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കായി വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് വരുന്ന ചെലവുള്‍പ്പെടെ 75,000 രൂപ വരെയാകാമെന്നാണ് പുതിയ ഉത്തരവ്. മറ്റ് സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പരമാവധി 50,000 രൂപ വരെ ചെലവിടാം. മറ്റ് പരിപാടികള്‍ക്കായി 25,000 രൂപ വരെ മാത്രം ചെലവിടാനാണ് അനുമതി.