വെണ്ണല പ്രസംഗ കേസ് ; പി .സി.ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
വെണ്ണല മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്നശേഷമാകും നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി കമ്മിഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കേസില്‍ പി.സി.ജോര്‍ജിനെതിരെ നേരിട്ടുള്ള തെളിവുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തിലെ ഗൂഢാലോചനയും അന്വേഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോര്‍ജിന്റെ വാദം തള്ളിാണ് ജാമ്യപേക്ഷ കോടതി തള്ളിയത്.
എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി.സി.ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.