തിങ്കളാഴ്ച നിര്‍ണായകം ; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി പോലീസ്

ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഈ വരുന്ന തിങ്കളാഴ്ച (മെയ് 23) നിര്‍ണായകം. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേസിലെ തുടര്‍ നടപടികള്‍. പോലീസും ഹൈക്കോടതിയുടെ തീരുമാനമാണ് കാത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു ഒളിവില്‍ കഴിയുന്നത് ഏത് രാജ്യത്തെന്ന് വ്യക്തമായിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. 24നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനായിരുന്നു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇതോടെ വിധി വരാന്‍ കാത്തു നില്‍ക്കാന്‍ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടി വരികയായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു അവിടെ നിന്നും ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. ഇത് അമേരിക്കയിലെ ജോര്‍ജിയ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് ദുബയില്‍ നിന്നും മുങ്ങിയത്.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഈ മാസം 24നുള്ളില്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കുവാനാണ് പൊലീസ് നീക്കം. അതേസമയം, തന്റെ മകനെതിരെ വ്യാജ പീഡന പരാതി ചമച്ചതാണെന്ന് വിജയ് ബാബുവിന്റെ അമ്മ പരാതി നല്‍കി രംഗത്തെത്തിയിരുന്നു. യുവനടിയുടെ പരാതിയെതുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ കേസ് എടുത്തത്. എറണാകുളം കേന്ദ്രീകരിച്ച സിനിമാ സംഘമാണ് ഇതിനു പിന്നിലെന്ന് അമ്മ മായാ ബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായും പരാതിയില്‍ പരാമര്‍ശമുണ്ട്. ഇതിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മായാ ബാബുവിന്റെ പരാതി.