പെട്രോള്‍ ഡീസല്‍ വില കുറച്ചു കേന്ദ്രം ; ഞെട്ടി ജനങ്ങള്‍
ഏറെകാലങ്ങള്‍ക്ക് ശേഷം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്‌സിഡി പ്രകാരം നല്കും. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടല്‍ ഉണ്ടാകും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍.
രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ തുടര്‍ന്ന് അരിയടക്കമുള്ള സാധനങ്ങളുടെ വില ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്. നിര്‍മ്മാണമേഖലയിലടക്കം വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വളത്തിന് നല്‍കുന്ന സബ്സിഡി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനായി 1.05 ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇത് സബ്‌സിഡിയായി നല്‍കുന്നതോടെ വളത്തിന്റെ വില കുറയുകയും കര്‍ഷകര്‍ക്ക് ആശ്വാസമാകുകയും ചെയ്യും. ഇതിനോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കായി ഉള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കസ്റ്റംസ് തീരുവയും കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.