സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത

ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹര്‍ജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്.

കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. കേസില്‍ ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതല്‍ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസില്‍ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു.

കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സര്‍ക്കാരിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉന്നയിച്ചേക്കും. ഇന്ന് രാവിലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതിപട്ടികയില്‍ പുതിയതായി ചേര്‍ത്തത്. ദിലീപ് എട്ടാം പ്രതിയായി തുടരും. കേസില്‍ ആകെ പത്തു പ്രതികളാണ് ഉള്ളത്.തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി മുന്‍സിഫ് കോടതിയില്‍ നടപടികള്‍ അറിയിച്ചു കൊണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച കോടതിയില്‍ നല്‍കാനിരിക്കുകയാണ്.