വിദ്വേഷ പ്രസംഗ കേസ് ; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുപ്പത് വര്‍ഷം എംഎല്‍എ ആയിരുന്ന തന്നെയും കുടുംബത്തേയും പോലീസ് പീഡിപ്പിക്കുകയാണെന്നും പ്രസംഗം അടര്‍ത്തി മാറ്റിയാണ് കേസെടുത്തതെന്നും പി സി ജോര്‍ജ് വാദിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ കോടതി നല്‍കിയ മാനദണ്ഡങ്ങള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന് ഡിജി പി കോടതിയില്‍ പറഞ്ഞു. കൊച്ചി വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. വിവാദ പ്രസംഗ കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസും പി സി ജോര്‍ജിന്റെ കേസും ഒതുക്കാന്‍ ഒരേ ഇടനിലക്കാരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് ഒതുക്കാന്‍ ഇടനിലക്കാരായി നില്‍ക്കുന്നത് സി പി എം നേതാക്കളാണ്. ഇതില്‍ വിശദമായ അന്വേഷണം നടത്തണം. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചാല്‍ അവരുടെ പേര് വെളിപ്പെടുത്തും. അതിജീവിതുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,