കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു , വിമാന ടിക്കറ്റ് ഹാജരാക്കണം എന്ന് കോടതി

കോടതി പറയുന്ന ദിവസം ഹാജര്‍ ആവവാന്‍ തയ്യാറാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. ജോര്‍ജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നല്‍കി.

അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാമേക്ഷ പരിഗണിക്കുമ്പോള്‍ താന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ തയാറാണ് എന്ന് അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ വാക്കാലുള്ള നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ആദ്യം ഹൈക്കോടതിയുടെ പരിധിയില്‍ വരേണ്ടതുണ്ടെന്നും ജസ്റ്റിസ് നിര്‍ദേശിച്ചു. പൊലീസ് തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുകയാണ്.

അതുകൊണ്ടു തന്നെ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും വിജയ് ബാബു കോടതിയില്‍ ബോധിപ്പിച്ചു. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.