വിസ്മയയുടെ മരണം ; ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ എന്ന് കോടതി

വിവാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കിരണ്‍ കുമാറിന്റെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറാണ് കേസിലെ ഏക പ്രതി.ഐപിസി 304 ബി, 498 എ വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കിരണിനെ കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കി. സ്ത്രീധന പീഡനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ കേസായിരുന്നു ഇത്.

വിധിയില്‍ സന്തോഷം ഉണ്ടെന്നും പ്രതീക്ഷിച്ച വിധി ആണെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. വിധി സമൂഹത്തിന് മാതൃകയാകണമെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. വിധിയില്‍ സന്തോഷമെന്ന് ഇരുവരും പ്രതികരിച്ചു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ ഭര്‍തൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22 ന് കുടുംബം രംഗത്ത് വന്നു. തുടര്‍ന്ന് വിസ്മയയുടെ ഭര്‍ത്താവ് അസിസ്റ്റന്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍കുമാറിനെ ജൂണ്‍ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്‍കി. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്‍കി.