നടി ആക്രമിക്കപ്പെട്ട കേസ് നാണം കേട്ടത് എന്ന് എം എം മണി ; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നാണംകെട്ട കേസാണ് എന്ന് മുന്‍മന്ത്രി എം എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്.

ഈ കേസ് കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാ എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഞാനിപ്പോ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല’.- എം എം മണി പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ‘അതിജീവിത’ വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നടിയ്ക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസില്‍ അതിജീവിതയുടെ താല്പര്യം ആണ് സര്‍ക്കാരിന്റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. ഏത് കാര്യത്തില്‍ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിന്നത് എന്നും കോടിയേരി ബാലകൃഷ്മന്‍ ചോദിച്ചു.