സി ആപ്റ്റില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; സിപിഎം നേതാവിന്റെ ഭാര്യയടക്കം ലിസ്റ്റില്‍
വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും സര്‍ക്കാര്‍ തലത്തില്‍ തിരിമറിക്ക് കളമൊരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി ആപ്റ്റില്‍ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്താനുള്ള ഫയല്‍ ബുധനാഴ്ച്ചത്തെ (മെയ് 25) മന്ത്രിസഭായോഗത്തില്‍ തീരുമാനമായേക്കും. സി ആപ്റ്റ് ഗവേണിംഗ് ബോഡി യോഗത്തിന്റെ ശുപാര്‍ശ ഓണ്‍ലൈന്‍ ആയി ചേരുന്ന മന്ത്രിസഭയോഗം അംഗീകരിക്കാനാണ് സാധ്യത. സിപിഎം പാളയം എരിയാ കമ്മറ്റി സെക്രട്ടറിയുടെ ഭാര്യയ്ക്കും മറ്റ് സിപിഎം -ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ക്കും വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം നടക്കുന്നത്. തലസ്ഥാനത്ത് നിന്നുള്ള മന്ത്രിയുടെ സഹോദരനും ഭരണകക്ഷി യൂണിയന്‍ നേതാക്കള്‍ക്കും ഈ ആനുകൂല്യത്തിന്‌റെ ഗുണം ലഭിക്കും.
ബീവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന് പോയശേഷം സി ആപ്റ്റിലേക്ക് തിരികെയെത്തുന്ന സിപിഎം പാളയം ഏരിയാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവര്‍ മെയ് 31 ലെ റിട്ടയര്‍മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടി സി ആപ്റ്റില്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിലെ പ്രിന്റിംഗ് ജോലികള്‍ പോലും സ്വകാര്യപ്രസുകള്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ കൈപ്പറ്റുന്നവരും വിരമിക്കല്‍ നീട്ടി ലഭിക്കാന്‍ കാത്തിരിക്കുന്നവരുടെ പട്ടികയിലുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനും യുവജനങ്ങളോടുള്ള വഞ്ചനയുമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്റിംഗ് വര്‍ക്കുകളും ലോട്ടറി ടിക്കകളും പ്രിന്റു ചെയ്യുന്ന ഈ സ്ഥാപനം 2002ല്‍ 430 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ട പിരിച്ചുവിടല്‍. തുടര്‍ന്ന് കോടതിയെ സമീപിച്ച തൊഴിലാളികളെ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് പുനര്‍നിയമിക്കാനുള്ള 2002ലെ ഹൈക്കോടതി വിധിയും നിലനില്‍ക്കുന്നുണ്ട്.