തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനത്തിന് സജ്ജമായ ഫ്‌ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

തിരുവനന്തപുരം : മെഡിക്കല്‍ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്‌ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു. അഞ്ച് മീറ്ററോളം ഭാഗത്തെ റോഡാണ് ഇടിഞ്ഞത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ഭാഗത്ത് നിന്ന് ആരംഭിച്ച് ശ്രീചിത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സമീപം അവസാനിക്കുന്ന ഫ്‌ലൈഓവര്‍ ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. അഥിതികളുടെ ഒഴിവ് പരിഗണിച്ച് ഇത് മാറ്റുകയായിരുന്നു.

ഈ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. പിന്നാലെ ടാര്‍ ഇളക്കി മാറ്റി വീണ്ടും മണ്ണുറപ്പിച്ചു. നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധിച്ചു. ഇന്‍കലിന് കീഴില്‍ റേ കന്‍സ്റ്റ്രക്ഷന്‍സ് ലിമിറ്റഡിനാണ് പാലത്തിന്റെ നിര്‍മാണച്ചുമതല. 13 കോടി രൂപയുടെ പദ്ധതിയാണിത്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നിര്‍മാണപ്രവര്‍ത്തികള്‍ക്കാണ് ടാര്‍ ഇളക്കിമാറ്റിയതെന്നാണ് അധികൃതരുടെ വാദം.