വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി ; വിജയ് ബാബു 30 നു എത്തുമെന്ന് അഭിഭാഷകന്‍

നടിയെ ബലാത്സംഗം ചെയ്ത എന്ന് പറയപ്പെടുന്ന കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകള്‍ നാളെ ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍കൂര്‍ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാന്‍ വിജയ് ബാബു തയ്യാറായത്. പോലീസ് കേസെടുക്കുന്നതിന് മുന്‍പായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോര്‍ജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയില്‍ എത്താത്ത രാജ്യമാണ് ജോര്‍ജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കൊച്ചി സിറ്റി പോലീസ് നീക്കം തുടങ്ങിയിരുന്നു.

നേരത്തെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ തയാറാണ് എന്ന് നടന്‍ അറിയിച്ചതിന് പിന്നാലെ ടിക്കറ്റ് ഹാജരാക്കാന്‍ ജസ്റ്റിസ് പി ഗോപിനാഥ് വാക്കാലുള്ള നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും വിജയ് ബാബു കോടതിയില്‍ ബോധിപ്പിച്ചു. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.