വിസ്മയ കേസില്‍ വിധി ; പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും

ഏറെ വിവാദമായ വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വിവിധ വകുപ്പുകളില്‍ 25 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അതേസമയം ശിക്ഷാവിധിയില്‍ തൃപ്തയല്ലെന്നും ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ മേല്‍കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 304 ബി വകുപ്പു പ്രകാരം 10 വര്‍ഷവും, 306 ല്‍ ആറു വര്‍ഷം തടവും 2 ലക്ഷം പിഴയും 498 എ രണ്ട് വര്‍ഷം തടവും 50000 പിഴയും സ്ത്രീധന നിരോധനം 3ല്‍ ആറ് വര്‍ഷം തടവും സ്ത്രീധന നിരോധനം 4ല്‍ ഒരു വര്‍ഷവും തടവിന് കോടതി ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

ഇന്ന് രാവിലെ കോടതി ചേര്‍ന്നയുടന്‍ പ്രതിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ജഡ്ജി ആരാഞ്ഞു. താന്‍ നിരപരാധിയാണെന്നും വിസ്മയുടേത് ആത്മഹത്യയാണെന്നും പ്രതി പറഞ്ഞിരുന്നു. അച്ഛന് സുഖമില്ലെന്നും ഓര്‍മ്മക്കുറവുണ്ടെന്നും അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതി കോടതിയില്‍ പറഞ്ഞു. ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സമൂഹത്തിന് മാതൃകയാകുന്ന വിധിയുണ്ടാകണമെന്നും അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ കേസിലെ സാമൂഹിക പ്രസക്തി മനസിലാക്കണം. കോടതി വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 304 ബി പ്രകാരമുള്ള ശിക്ഷ പ്രതിക്ക് നല്‍കണം. സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ.

കേസ് വ്യക്തിക്ക് എതിരെ അല്ല എന്ന് പ്രോസിക്യുട്ടര്‍ വ്യക്തമാക്കി. പ്രതി വിദ്യാസമ്പന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചത്. നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രാസിക്യൂഷന്‍ പറഞ്ഞു. പെണ്‍കുട്ടിയെ നിലത്തിട്ട് ചവിട്ടിയത് സ്ത്രീധനത്തിന്റെ പേരിലാണ് സമൂഹം ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും അത്മഹത്യ പ്രേരണയില്‍ ജീവപര്യന്തം നല്‍കിയിട്ടില്ല. ലോകത്തെല്ലാം സ്ത്രീധന മരണങ്ങളിലും ജീവപര്യന്തം നല്‍കിയിട്ടില്ല. രാജ്യം ഉറ്റുനോക്കുന്ന കേസാണെന്ന് പറയാനാകില്ല. യുപിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പോലും സുപ്രീം കോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചില്ല. 10 വര്‍ഷമാണ് ശിക്ഷ നല്‍കിയത്. കൊലപാതക കേസിന് സമാനമല്ല ആത്മഹത്യ കേസ് എന്നും പ്രതിഭാഗം വാദിച്ചു.