ഏറെ നേരം ടിവി കംപ്യൂട്ടര്‍ നോക്കിയിയിരിക്കുന്നവര്‍ സൂക്ഷിക്കുക ; കൊറോണറി രോഗം നിങ്ങളെയും ബാധിക്കാം
മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്‌ടോപ്/ സ്‌ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നു പഠനം. ഹോങ്കോങിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരെ അവരുടെ ജനിതക ഘടകങ്ങള്‍ അവരെ നയിക്കുന്ന രോഗങ്ങളും അതല്ലാതെ പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളുമാണ് ഇവര്‍ പരിശോധിച്ചത്.
ദീര്‍ഘനേരം ടിവി/കംപ്യൂട്ടര്‍/സ്‌ക്രീന്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് അത്രയും നേരം ശാരീരികമായി ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്നതാണ് ഇതിലെ അപകടം. ‘ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായി എങ്ങനെ ജീവിതരീതി മെച്ചപ്പെടുത്താമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഞങ്ങളുടെ പഠനം’- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. യൂങ്വോണ്‍ പറയുന്നു.
ദിവസത്തില്‍ നാല് മണിക്കൂറിന് മുകളില്‍ ടിവി/കംപ്യൂട്ടര്‍/സ്‌ക്രീന്‍ ഉപയോഗം നടത്തുന്നവരില്‍ ആണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതില്‍ നിന്ന് ആറ് ശതമാനത്തോളം സാധ്യത കുറയുമത്രേ. ഒരു മണിക്കൂറില്‍ താഴെ മാത്രം ഉപയോഗമുള്ളവര്‍ക്കാണെങ്കില്‍ ഇത്തരത്തില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയെ 11 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. ‘ബിഎംസി മെഡിസിന്‍’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.