കെഎസ്ആര്‍ടിസിക്കെതിരെ വ്യാജപ്രചരണം ; ഡ്രൈവര്‍ ധരിച്ചത് യൂണിഫോം തന്നെ
മതവേഷമിട്ട് ഡ്രൈവര്‍ ബസ് ഓടിച്ചെന്ന വ്യാജ ആരോപണത്തിന് മറുപടിയുമായി കെഎസ്ആര്‍ടിസി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണുണ്ടായതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മതവേഷം ധരിച്ച് ബസ് ഓടിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പി എച്ച് അഷറഫാണ് ചിത്രത്തിലുള്ളത്. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍, കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി എച്ച് അഷറഫ് മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കെഎസ്ആര്‍ടിസി കണ്ടെത്തി.
ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്ന് വ്യക്തമായതായി കെഎസ്ആര്‍ടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായതായി കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചു.താടിയും തൊപ്പിയും കൂടി കണ്ടാണ് മതവേഷമെന്ന് തെറ്റിദ്ധരിച്ചത്. താടിയും തൊപ്പിയും വയ്ക്കുന്നതില്‍ വിലക്കില്ലെന്ന് ഡ്രൈവര്‍ പി എച്ച് അഷറഫും പറഞ്ഞു.