മതവിദ്വേഷ പ്രസംഗം : പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പൊലീസ് സംഘം എത്തിയിട്ട് അവര്‍ക്കു കൈമാറുമെന്നാണ് വിവരം. സ്റ്റേഷന്‍ പരിസരത്ത് ജോര്‍ജിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും സംഘടിക്കുന്നതുവഴിയുണ്ടാകാനുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജോര്‍ജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
സ്റ്റേഷന്‍ പരിസരത്തെ സ0ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജോര്‍ജിനെ പിന്തുണച്ച് ബിജെപിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തിയതോടെ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോര്‍ജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ഇതിനിടെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോര്‍ജ് വിവാദ പരാര്‍മശങ്ങള്‍ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.