കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറെക്കാലമായുള്ള കര്‍ഷകരുടെ ആവശ്യത്തില്‍ നിര്‍ണായക തീരുമാനം എടുത്തതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കാട്ടുപന്നികളെ ക്ഷുദ്രജീവികള്‍ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം കൈക്കൊണ്ടത്. മലയോര കര്‍ഷകരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരം ആകുന്നത്. കാട്ടുപന്നികളെ കൊല്ലുന്നതിലും വ്യക്തമായ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നതാണ് നിര്‍ദേശം. ഇക്കാര്യം ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശമായി മന്ത്രി എ കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി. ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തി പഞ്ചായത്ത് ഭരണസമിതിക്ക് ഉത്തരവ് നല്‍കാം എന്നതാണ് സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദ്ദേശം.തോക്ക് ലൈസന്‍സ് ഉള്ളവരുടെ പട്ടിക തദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു. മലയോര മേഖലയിലാണ് കാട്ടുപന്നി ശല്യം കൂടുതലുള്ളത് എങ്കിലും സംസ്ഥാനം മുഴുവന്‍ വ്യാപകമായ ഉത്തരാവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
കാട്ടുപന്നിയെ കൊന്ന് ഭക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പന്നികളെ കൊല്ലുന്നു എന്നുകരുതി അതിനെ ഭക്ഷിക്കാന്‍ അനുമതി നല്‍കിയാല്‍ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി നേടി മാത്രമായിരുന്നു കാട്ടുപന്നികളെ വെടിവെക്കാന്‍ അവസരം ഉണ്ടായിരുന്നത്.ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നില്‍ക്കേണ്ട എന്നതാണ് ഇതിലെ പ്രത്യേകത.
അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്ത് തോക്ക് ലൈസന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവെക്കാം എന്നും ഉത്തരവില്‍ പറയുന്നു.കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം എന്നും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതേസമയം കാട്ടുപന്നികള്‍ക്ക് നേരെ വിഷപ്രയോഗം പാടില്ല.വൈദ്യുതി ആഘാതം ഏല്‍പ്പിക്കാന്‍ പാടില്ല എന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മറ്റു ജീവികളെ കൂടി ഇത് ബാധിക്കും എന്ന് കരുതിയാണ് പന്നികളെ വെടിവെച്ച് കൊല്ലാം എന്ന നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ എത്തിയത്.