നടിയെ ആക്രമിക്കപ്പെട്ട കേസ് : ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി

നടിയെ ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. മെയ് 9 ലെ ഉത്തരവിലൂടെയാണ് ആവശ്യം കോടതി തള്ളിയത്. കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി.

മുന്‍പ് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും പറഞ്ഞു. കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മെയ് 31 ന് വാദം തുടരും.

അതേസമയം വിചാരണ കോടതി നിലപാടുകളില്‍ സംശയം ഉന്നയിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത് വന്നു. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. നടി സീല്‍ഡ് കവറില്‍ കൊടുത്ത കാര്യങ്ങള്‍ കോടതിയില്‍ നിന്നും പുറത്ത് പോയി. ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജന്‍ പറഞ്ഞു.