യുവ നടിയെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെയാണ് ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ആര്‍ജി കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ബിദിഷയുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര്‍ ജി ഖാര്‍ ആശുപത്രിയിലേക്ക് മാറ്റി. 2021-ല്‍ ‘ഭാര്‍- ദ ക്ലൗണ്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ബിദിഷ ഡേ മജുംദാര്‍ ഒരു ജനപ്രിയ മോഡലായിരുന്നു.

അനിര്‍ബേദ് ചതോപാധ്യായയാണ് ചിത്രം സംവിധാനം ചെയ്തത്, നടന്‍ ദേബ്രജ് മുഖര്‍ജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നടിയുടെ വിയോഗ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ ബംഗാളി ടിവി നടി പല്ലവി ഡേയെയും കൊല്‍ക്കത്തയിലെ ഗാര്‍ഫയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.