ക്രീം ബണ്ണില്‍ ക്രീം ഇല്ല എന്ന പേരില്‍ കോട്ടയത്തു ബേക്കറി അടിച്ചു തകര്‍ത്തു

വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം അഞ്ച് മണിയോടെ കടയില്‍ ചായ കുടിക്കാന്‍ എത്തിയവരും ബേക്കറി ഉടമയും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ആറംഗ സംഘത്തില്‍ ഒരാള്‍ ബണ്ണ് കഴിക്കുന്നതിനിടെ ക്രീം കുറവാണ് എന്ന് ബേക്കറി ഉടമയോട് പറഞ്ഞു. അസഭ്യവാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇയാള്‍ ബേക്കറി ഉടമയോട് സംസാരിച്ചത്. തുടര്‍ന്ന്, ബേക്കറി ഉടമ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് ആറംഗ സംഘം തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത് എന്ന് ബേക്കറി ഉടമ ശിവകുമാര്‍ പറയുന്നു.

ആറംഗ സംഘമാണ് കടയില്‍ അക്രമം നടത്തിയതെന്ന് ബേക്കറി ഉടമ പോലീസിന് മൊഴി നല്‍കി. വിശദമായ അന്വേഷണത്തിന് ശേഷം നടപടിയിലേക്കു കടക്കാനാണ് പോലീസ് തീരുമാനം. അക്രമത്തില്‍ ബേക്കറി ഉടമ ശിവകുമാറിന്റെ ഭാര്യ കവിതയ്ക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മര്‍ദനമേറ്റു. സംഭവത്തെ തുടര്‍ന്ന് ഇവര്‍ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധിവിനായകനും മര്‍ദനമേറ്റത്. കവിതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈവിരല്‍ ഒടിച്ചതായും പരാതിയുണ്ട്. അതിനിടെ കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന 95 വയസുകാരനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. വീഴ്ചയില്‍ ഇയാളുടെ നട്ടെല്ലിനടക്കം പരിക്ക് പറ്റിയതായാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തില്‍ കടയിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന നിരവധി സാധനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടു. ഇരു വിഭാഗത്തിലെ പരാതികളും ഗൗരവമായിത്തന്നെ പരിശോധിക്കുമെന്ന് വൈക്കം പോലീസ് വ്യക്തമാക്കി. അതേസമയം, ബേക്കറി ഉടമയാണ് തങ്ങളെ മര്‍ദ്ദിച്ചത് എന്നാരോപിച്ച് ആറംഗസംഘം പൊലീസിന് പരാതി നല്‍കി. വൈക്കത്തിനു സമീപം പാലാംകടവ് സ്വദേശികളായ യുവാക്കളാണ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. ദൃക്‌സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തി നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.