‘ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവിന് ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് തടവുശിക്ഷ

ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന പേരില്‍ പുസ്തകം എഴുതിയിട്ട് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ എഴുത്തുകാരിക്ക് തടവ് ശിക്ഷ. 71 വയസുകാരിയായ നാന്‍സി ക്രാംപ്ടണ്‍-ബ്രോഫിയെയാണ് പോര്‍ട്‌ലന്‍ഡിലെ ഒരു കൗണ്ടി കോടതി തടവിനു വിധിച്ചത്. ‘ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് നാന്‍സി. 2018ലാണ് നാന്‍സിയുടെ ഭര്‍ത്താവായ 63 വയസുകാരനായ ഡാനിയല്‍ ബ്രോഫിയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി സ്ഥലത്തു നിന്ന് ലഭിച്ച മൃതദേഹത്തില്‍ വെടിയുണ്ട കൊണ്ടുള്ള രണ്ട് മുറിവുകള്‍ ഉണ്ടായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയും മൂന്ന് മാസങ്ങള്‍ക്കു ശേഷം നാന്‍സി അറസ്റ്റിലാവുകയും ചെയ്തു.

അഞ്ച് ആഴ്ചകള്‍ നീണ്ട വാദത്തിനൊടുവില്‍ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചു. ഇന്‍ഷുറന്‍സ് പണത്തിനു വേണ്ടിയാണ് നാന്‍സി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, താനല്ല ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് നാന്‍സി വാദിച്ചു. എന്നാല്‍, നാന്‍സിക്കൊപ്പം വിചാരണത്തടവുകാരിയായി ഉണ്ടായിരുന്ന ആന്‍ഡ്രിയ ജേക്കബ്‌സിന്റെ മൊഴി കേസില്‍ വഴിത്തിരിവായി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം നാന്‍സി തന്നോട് വിവരിച്ചു എന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കൂടാതെ സിസിടിവി ക്യാമറ ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി. ‘ഹൗ ടു മര്‍ഡര്‍ യുവര്‍ ഹസ്ബന്‍ഡ്’ എന്ന പുസ്തകത്തിനൊപ്പം ‘ദി റോങ് ലവര്‍’, ‘ദി റോങ് ഹസ്ബന്‍ഡ്’ എന്നീ പുസ്തകങ്ങളും നാന്‍സി എഴുതിയിട്ടുണ്ട്.