ലഡാക്കില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ സൈനികനും
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജില്‍ ആണ് അപകടത്തില്‍ മരിച്ചത്. ലഡാക്കില്‍ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികരാണ് മരിച്ചത്.ഇന്ത്യ – ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം.26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം. മരിച്ച സൈനികന്റെ ഭാര്യ: റഹ്മത്ത്: മക്കള്‍ – ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ.
പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്ബില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 26 സൈനികര്‍ ബസിലുണ്ടായിരുന്നു. തോയിസില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ, വാഹനം റോഡില്‍ നിന്ന് തെന്നി ഷിയോക് നദീ തീരത്തെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ സൈനികരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.