ഭിന്നശേഷിക്കാരനായ കുട്ടിയുടെ യാത്ര തടഞ്ഞു ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ സമ്മതിക്കാത്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജ നറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയത്. ഇന്‍ഡിഗോ ജീവനക്കാരനന്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തത് ശരിയായ തരത്തിലല്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിഴവ് സംഭവിച്ചുവെന്നും ഡിജിസിഎ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാരന് പിഴവ് സംഭവിച്ചു.
റാഞ്ചി വിമാനത്താവളത്തില്‍ മേയ് ഏഴിനാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം വിമാനത്താവളത്തിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ മാനേജര്‍ യാത്ര വിലക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ കണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരിയായ മനീഷ ഗുപ്ത സമൂഹമാദ്ധ്യമത്തില്‍ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പ് നല്‍കിയതോടെയാണ് സംഭവം വിവാദമായത്. കുട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ അഭിനന്ദന്‍ മിശ്ര പറയുന്നു. യാത്രാക്ലേശം മൂലമാകാം കുട്ടി അസ്വസ്ഥനായതെന്നാണ് കരുതുന്നത്. കുട്ടിയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് മാനേജര്‍ വാദിച്ചത്. എന്നാല്‍ അനുകമ്പയോടുള്ള ഇടപെടല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നുവെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഡിജിസിഎ. വ്യക്തമാക്കി.