അവാര്‍ഡില്‍ നിന്ന് തഴഞ്ഞു ; സര്‍ക്കാരിന് തലവേദനയായി ഹോം വിവാദം
സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ പുതിയ വിവാദം. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ചിലരെ സര്‍ക്കാരും ജൂറിയും മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഹോം എന്ന സിനിമയെ പാടെ തഴഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജൂറി നിലപാടുകളെ ന്യായീകരിച്ചു മന്ത്രി സഹിതം രംഗത് വന്നു എങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി വിവാദത്തില്‍ പങ്കാളി ആയതോടെ വാക്ക് പോരുകളും തെറിവിളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചത്. ‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. സിനിമയ്ക്കും ഇന്ദ്രന്‍സിനും മഞ്ജു പിള്ളക്കും അവാര്‍ഡ് പ്രതീക്ഷിച്ച ആരാധാകര്‍ നിരാശ മുഴുവന്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുമ്പോഴാണ് ഗുരുതര ആരോപണവുമായി ഇന്ദ്രന്‍സും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ദ്രന്‍സിന്റെ വൈകാരിക പ്രതികരണത്തോടെ ഹോം വിവാദം കൂടുതല്‍ മുറുകി. കേസിന്റെ പേരിലാണ് സിനിമയെ തഴഞ്ഞതെങ്കില്‍ തെറ്റായ പ്രവണതയാണെന്നായിരുന്നു സംവിധാകന്‍ റോജിന്‍ തോമസിന്റെ പ്രതികരണം. അഞ്ച് ആറ് വര്‍ഷത്തെ കഷ്ടപ്പാടില്‍ നിന്നും എഴുതിയെടുക്കുന്ന സിനിമയാണ് ഹോം. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമ. അങ്ങനെയൊരു കഠിനാധ്വാനം പിന്നിലുണ്ട്. ഇന്ദ്രന്‍സ് ചേട്ടന്റെ നാല്പത് വര്‍ഷത്തെ കരിയറില്‍ ലഭിച്ച ഫുള്‍ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നല്‍കിയ മറ്റൊരു സിനിമയില്ല. അവാര്‍ഡില്‍ ഒരു പരാമര്‍ശം എങ്കിലും വരാമായിരുന്നുവെന്നും റോജിന്‍ പറഞ്ഞു.
ഹോം സിനിമയെ മുഴുവനായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. സിനിമ പൂര്‍ണ അര്‍ത്ഥത്തില്‍ ജൂറി കാണാതെ പോയോ എന്ന് സംശയമുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു. സിനിമ മുഴുവന്‍ കണ്ടിട്ട് കലാമൂല്യമില്ലെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മഞ്ജു പിള്ള ചോദിച്ചു. ‘ഒരു ക്ലീന്‍ മൂവി ആയിരുന്നു ഹോം. ചിത്രത്തില്‍ ജീവന്റെ അംശമുണ്ട്. വിജയ് ബാബുവിനെതിരായ കേസാണ് സിനിമയെ അവഗണിക്കാന്‍ കാരണമെങ്കില്‍ അത് ശരിയല്ല. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി തീരുമാനം മാറ്റുമോയെന്ന ചോദ്യം ശരിയാണ്. പ്രതിഷേധിക്കുന്ന ജനങ്ങളുടെ സ്നേഹമാണ് പുരസ്‌കാര’മെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
പുരസ്‌കാര നിര്‍ണയം മികച്ച രീതിയിലാണ് നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി സജി ചെറിയാന്‍. നിര്‍മാതാവിനെതിരായ കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജൂറി എല്ലാ സിനിമകളും കണ്ടെന്നാണ് പറഞ്ഞത്. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയര്‍മാന്‍ പറഞ്ഞത്. നടന്‍ ഇന്ദ്രന്‍സിന്റേത് തെറ്റിദ്ധാരണ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന ഇന്ദ്രന്‍സിന്റെ ആരോപണം നേരത്തെ ജൂറി ചെയര്‍മാനും തള്ളിയിരുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിക്ക് പരമാധികാരം നല്‍കിയിരുന്നു. ആയതിനാല്‍ തന്നെ പുരസ്‌കാര നിര്‍ണയത്തില്‍ വകുപ്പിനോ സര്‍ക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊരു പങ്കുമില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ഹോമിനെ ബോധപൂര്‍വ്വം തഴഞ്ഞെന്ന ആക്ഷേപം ഉയരുമ്പോള്‍ സിനിമ അവസാനഘട്ടത്തില്‍ എത്തിയിരുന്നില്ലെന്നാണ് ജൂറി ചെയര്‍മാന്‍ സയിദ് മിര്‍സ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാ ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടതാണ്. വിവാദം അനാവശ്യമാണ്. ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് ‘ഹോം’ എത്തിയിട്ടില്ല എന്നും ജൂറി ചെയര്‍മാന്‍ വ്യക്തമാക്കി. അവാര്‍ഡുകള്‍ നിര്‍ണയിച്ചതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും പൂര്‍ണമായും ജൂറിയാണ് അവാര്‍ഡുകളെല്ലാം തീരുമാനിച്ചതെന്നുമാണ് സയിദ് മിര്‍സ വ്യക്തമാക്കിയത്.
എന്നാല്‍ നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി. ‘ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ജനഹൃദയങ്ങളില്‍’ മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.