പിണറായിക്ക് പി സി പേടിയോ ? പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ് ; നാളെ തിരുവനന്തപുരത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോര്‍ജിന് തടയിട്ട് കേരളാ പൊലീസ്. വിദ്വേഷ പ്രസംഗ കേസില്‍ തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മിഷണര്‍ ഓഫീസില്‍ നാളെ ഹാജരാകാനാണ് നിര്‍ദേശം. ഇതോടെ പി സി യുടെ പ്രചാരണം അനിശ്ചിതത്വത്തില്‍ ആയി. സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പി സി ജോര്‍ജിന്റെ അറസ്റ്റ് വര്‍ഗീയ വിഷം പരത്തുന്നവര്‍ക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തില്‍ മറുപടി നല്‍കാന്‍ ഇരിക്കെ ആണ് പി സി ജോര്‍ജിന് പൊലിസ് തടയിട്ടത്. വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് ഫോര്‍ട്ട് അസി കമ്മീഷണറുടെ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നോട്ടീസ് പി സി ജോര്‍ജിന് കിട്ടിയത്.

അന്വേഷണവുമായി സഹകരിക്കാം എന്ന ഉറപ്പിലാണ് ഉപാദികളോടെ ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഹാജര്‍ ആകാതിരുന്നാല്‍ കോടതി അലക്ഷ്യം ആകുമോ എന്ന് നിയമ വിദഗ്ദറുമായി ആലോചിക്കുകയാണ് പി സി ജോര്‍ജ്. 33 വര്‍ഷമായി നിയമസഭാംഗമായിരുന്ന പി സി ജോര്‍ജ് നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മറിച്ചായാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോര്‍ജിന്റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാല്‍ ഇനിയും ഇത്തരം പ്രസംഗം ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.

എന്നാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളില്‍ ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങി. ബിജെപി പ്രവത്തകര്‍ ജയില്‍ കവാടത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.പിണറായിക്കുള്ള മറുപടി തൃക്കാക്കരയിൽ നൽകും എന്ന് പി സി ഇന്നലെ പറഞ്ഞിരുന്നു. തുടർന്നാണ് പോലീസിന്റെ തിരക്കിട്ട നീക്കം എന്ന് ഇതോടെ വ്യക്തമായി.