ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ; കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലുവ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്. മുമ്പ് മെയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
2010ല്‍ കൊച്ചിയിലെ ഒരു വീട്ടില്‍വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്‌സായ യുവതിയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പീഡന പരാതി നല്‍കിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് തന്നെ പത്ത് വര്‍ഷം മുന്‍പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ പരാതി നല്‍കില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാര്‍ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.
എളമക്കര പൊലീസിന് കൈമാറിയ കേസ് പിന്നീട് അന്വഷണത്തിനായി തിരുവനന്തപുരം ഹൈടെക് സെല്‍ അഡിഷണല്‍ എസ് പി, എസ് ബിജുമോന്‍ കൈമാറുകയായിരുന്നു. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ് എന്നാരോപിച്ച് പരാതിക്കാരി ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുന്നു, കേസില്‍ നിന്ന് പിന്മാറാന്‍ സ്വാധീനിക്കുന്നു, പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നു എന്നെല്ലാം അറിയിച്ചാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാര്‍ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.