തൃക്കാക്കര ; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം എന്ന് സുരേഷ് ഗോപി
ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ”ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആള്‍ക്കാരുടെ ജല്‍പനങ്ങള്‍ നമ്മള്‍ കേട്ടതാണ്. പി ടി എന്നു പറയുന്ന മഹാനായ എംഎല്‍എ, അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാന്‍ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിര്‍ കക്ഷിയില്‍പ്പെട്ട എംപിയേയും എംഎല്‍എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്”- സുരേഷ് ഗോപി പറഞ്ഞു.
പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് പോയി ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞതായി സുരേഷ് ഗോപി ആരോപിച്ചു. ആദിവാസികള്‍ നേരിടുന്ന അവഗണനകളുമായി ബന്ധപ്പെട്ട സത്യം പാര്‍ലമെന്റില്‍ വിളിച്ചുപറഞ്ഞതിന്, ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.