പള്ളിയില്‍ സൗജന്യ വസ്ത്രവിതരണം ; നൈജീരിയയില്‍ തിരക്കില്‍ 31 പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ നൈജീരിയയിലെ ഒരു കൃസ്ത്യന്‍ പള്ളിയിലാണ് അത്യാഹിതം ഉണ്ടായത്. ദരിദ്രരെ സഹായിക്കാന്‍ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും നിരവധി കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റിവേഴ്സ് സ്റ്റേറ്റിലെ കിംഗ്സ് അസംബ്ലി പെന്തക്കോസ്ത് ചര്‍ച്ച് സംഘടിപ്പിച്ച ”ഷോപ്പ് ഫോര്‍ ഫ്രീ” ചാരിറ്റി പരിപാടിയില്‍ പങ്കെടുത്തവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വക്താവ് ഗ്രേസ് ഇറിഞ്ച് കോക്കോ പറഞ്ഞു.
ശനിയാഴ്ചത്തെ രാവിലെ ഒമ്പത് മണിക്കാണ് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത്. എന്നാല്‍ ആളുകള്‍ രാവിലെ അഞ്ച് മണിക്ക് തന്നെ എത്തി. തിരക്കുമൂലം പൂട്ടിയിട്ട ഗേറ്റ് തകര്‍ത്താണ് ആളുകള്‍ അകത്തുപ്രവേശിച്ചത്. ചവിട്ടിയരക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാസേയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ പ്രദേശത്ത് തടിച്ചുകൂടി. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കി. വസ്ത്രങ്ങളും ഷൂകളും മറ്റ് വസ്തുക്കളുമാണ് സൗജന്യമായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നിരുന്നത്. മരിച്ചവരില്‍ കൂടുതലും കുട്ടികളായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനിടെ ആക്രമണവുമുണ്ടായി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സഭ വിസമ്മതിച്ചു.