ആധാര്‍ കാര്‍ഡ് പകര്‍പ്പ് ; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു
ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കര്‍ശന നിര്‍ദേശനം നല്‍കി പുറത്തിറക്കിയ ഉത്തരവാണു തൊട്ടു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി.
യുഐഡിഎഐ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍ദ്ദേശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനാണ് നേരത്തെ പുറത്തുവന്ന ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. . ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്.
യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിന്റെ ഭാഗമായി ആധാറിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആദ്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. അഥവ ഇന്റര്‍നെറ്റ് കഫേകളില്‍ പോയി ഇ- ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പ് പ്രിന്റ് എടുത്ത ശേഷം ഫയല്‍ ഡീലിറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണമെന്നും മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.