നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണു ; യാത്രക്കാരെപ്പറ്റി വിവരമില്ല

നേപ്പാളില്‍ 4 ഇന്ത്യാക്കാരടക്കം 22 പേരുമായി വിമാനം തകര്‍ന്നു വീണു. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. പ്രദേശവാസികളാണ് ഇക്കാര്യം നേപ്പാള്‍ സൈന്യത്തെ അറിയിച്ചത്. അതേസമയം, വിമാനത്തിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊഖാറയില്‍ നിന്ന് രാവിലെ 9.55ന് പറന്നുയര്‍ന്ന താര എയര്‍ വിമാനം 15 മിനിറ്റിനുശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്.

നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്ന് വിവരം.ലാംചെ നദിയ്ക്ക് സമീപത്തുവച്ച് വിമാനം തകര്‍ന്നുവീണെന്നാണ് പ്രദേശവാസികള്‍ സൈന്യത്തെ അറിയിച്ചതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം കര, വ്യോമ മാര്‍ഗം പ്രദേശത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉള്ളതിനാല്‍ ഇന്നത്തെ തിരിച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെത്താന്‍ നിര്‍ദേശം നല്‍കി.