ആം ആദ്മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചു ; പഞ്ചാബി ഗായകനെ അക്രമികള്‍ വെടിവെച്ചു കൊന്നു

പ്രശസ്തരായ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് നാം കാണുന്ന ഒന്നാണ്. പലപ്പോഴും ഇതൊക്കെ ആഡംബരത്തിനാണ് എന്ന തോന്നല്‍ ഉണ്ടാകാറുണ്ട് എങ്കിലും സുരക്ഷ ഇല്ലെങ്കില്‍ പലരുടെയും ജീവന്‍ തന്നെ അപകടത്തിലാകും എന്നതിന് തെളിവാണ് ഇപ്പോള്‍ പഞ്ചാബില്‍ നടന്നത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ അക്രമികള്‍ പരസ്യമായി വെടിവെച്ച് കൊന്നു. മാനസയില്‍ വെച്ച് അഞ്ജാതര്‍ ഇയാളുടെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സിദ്ദു മൂസേവാല.

സിദ്ദു മൂസേവാലയുടെ മരണത്തില്‍ എഎപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ബിജെപി നടത്തി . ഇതാണോ എഎപി വാഗ്ദാനം നല്‍കിയ പഞ്ചാബെന്നാണ് ബിജെപിയുടെ ചോദ്യം. പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ക്യാപ്റ്റന്‍ അമരീന്ദ്ര സിങ്ങ് പറഞ്ഞു. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന്റെ വിഐപി സംസ്‌കാരത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. അദ്ദേഹത്തിനൊപ്പം മറ്റു 423 പേരുടെയും സുരക്ഷ പിന്‍വലിച്ചിരുന്നു. പഞ്ചാബി സംഗീതവുമായും പഞ്ചാബി സിനിമയുമായും ബന്ധപ്പെട്ടിരുന്ന പ്രശസ്ത കലാകാരനായിരുന്നു മൂസേവാല. 2017-ല്‍ ‘സോ ഹൈ’ എന്ന ഗാനത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിച്ചു. 2018-ല്‍, ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബങ്ങളുടെ ചാര്‍ട്ടില്‍ 66-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം. 2020-ല്‍, ദ ഗാര്‍ഡിയന്‍ അദ്ദേഹത്തെ ‘2020-ലെ 50 പുതിയ കലാകാരന്മാരുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തി.