പിണറായിയെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ കാലം : പി സി ജോര്‍ജ്ജ്
മഹാരാജാസ് കോളേജില്‍ വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളില്‍ കൈയിട്ട് കൊണ്ടാണ് പിണറായി വിജയന്‍ തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത് എന്ന് പി സി ജോര്‍ജ്ജ്. ഞാന്‍ ആരെയും കൊന്നിട്ടില്ല,കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്ന് വരുത്തി തീര്‍ത്ത് സമുദായത്തിന്റെ വോട്ട് അപ്പാടെ കൈക്കലാക്കാനാണ് ഇവിടെ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത് എന്നും പി സി ആരോപിക്കുന്നു.
വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം അതേപടി കേരളത്തില്‍ നടപ്പാക്കുകയാണ് പിണറായി. 2016-ലെ തിരഞ്ഞെടുപ്പിലും,2021-ലെ തിരഞ്ഞെടുപ്പിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. 2014 ന് ശേഷം ഇപ്പോള്‍ എല്‍ഡിഎഫിലും യുഡിഎഫിലും അല്ലാതെ കൂണ് പോലെ മുളച്ചു പൊങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിണറായിയുടെ ബി ടീം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പല പാര്‍ട്ടിയുമായുള്ള പിണറായിയുടെ അന്തര്‍ധാര സജീവമാണ് എന്നും പി സി ആരോപണം ഉന്നയിക്കുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം :
ഞാന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന് പിണറായി പറയുന്നു…
ഞാന്‍ ആരെയും കൊന്നിട്ടില്ല,കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല…
മഹാരാജാസ് കോളേജില്‍ വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളില്‍ കൈയിട്ട് കൊണ്ടാണ് പിണറായി വിജയന്‍ പി.സി ജോര്‍ജ്ജിനെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്…
എന്റെ കണ്മുന്നില്‍ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന പൗര ധര്‍മ്മമാണ് ഞാന്‍ നിറവേറ്റുന്നത്. അത് ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണ്…
ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്ന് വരുത്തി തീര്‍ത്ത് സമുദായത്തിന്റെ വോട്ട് അപ്പാടെ കൈക്കലാക്കാനാണ് ഇവിടെ ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്..
തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലും, വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിലും ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്.
അതിനെ വര്‍ഗീയ വല്‍ക്കരിക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തത് വഴി ഏറ്റവും വലിയ പ്രീണനം നടത്തിയതും,വര്‍ഗീയ ചേരി തിരിവിലൂടെ തൃക്കാക്കരയില്‍ വോട്ടുകള്‍ വിഭജിച് ജയിക്കുവാനുള്ള തന്ത്രം മെനഞ്ഞ് പിണറായി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ അറസ്റ്റ്..
യഥാര്‍ത്ഥത്തില്‍ വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം അതേപടി കേരളത്തില്‍ നടപ്പാക്കുകയാണ് പിണറായി. 2016-ലെ തിരഞ്ഞെടുപ്പിലും,2021-ലെ തിരഞ്ഞെടുപ്പിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. 2014 ന് ശേഷം ഇപ്പോള്‍ എല്‍ഡിഎഫിലും യുഡിഎഫിലും അല്ലാതെ കൂണ് പോലെ മുളച്ചു പൊങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിണറായിയുടെ ബി ടീം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പല പാര്‍ട്ടിയുമായുള്ള പിണറായിയുടെ അന്തര്‍ധാര സജീവമാണ് താനും..
ഏതാനും ദിവസങ്ങള്‍ മുമ്പ് സംഘര്‍ഷഭരിതമായ എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ആലപ്പുഴയുടെ മണ്ണില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സും, ജില്ലാകളക്ടറും പറഞ്ഞിട്ടും തൃക്കാക്കര വോട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപ്പെട്ടാണ് അനുമതി നല്‍കിയത്. ആ പിണറായി വിജയനാണ് എന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്..
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ വസ്തുത തൃക്കാക്കരയെ ജാതിയുടെയും, മതത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു എന്നതാണ്…
സുറിയാനി വീടുകളില്‍ റോഷി അഗസ്റ്റിന്‍,ലാറ്റിന്‍ വീടുകളില്‍ ആന്റണി രാജു, ഈഴവ വീടുകളില്‍ മണിയാശാന്‍, മുസ്ലിം വീടുകളില്‍ റിയാസും, അഹമ്മദ് ദേവര്‍കോവിലും അങ്ങനെ തൃക്കാക്കരയെ വര്‍ഗ്ഗീയമായി ചേര്‍ത്തിരിക്കുന്ന പിണറായി ആണോ എന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്…
2016-ലെ തിരഞ്ഞെടുപ്പില്‍ എനിക്ക് പിന്തുണ നല്‍കുകയും.. രണ്ടു വര്‍ഷത്തോളം എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ഉറപ്പിച്ചു പറയുന്നു ഇവര്‍ ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കുന്നവരല്ലാ. ‘കൂടെ കിടന്നവനെ രാപ്പനി അറിയൂ’
കമ്മ്യൂണിസ്റ്റുകാരനായ എസ്.എഫ്.ഐ -കാരനായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇനി ഇവരുമായി ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞത്.. ആ എന്നെ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്..
കെഎസ്ആര്‍ടിസി കടക്കെണിയില്‍,ശമ്പളം കൊടുക്കാന്‍ കാശില്ല എന്ന് ധനകാര്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന.. ഇത് ഉള്‍പ്പെടെ നിലനില്‍ക്കുന്ന ദിവസം അമേരിക്കയില്‍ നിന്ന് തിരികെ വന്ന പിണറായി വിജയന്‍ ആദ്യം വിളിച്ചുചേര്‍ത്തത് പി.സി ജോര്‍ജിനെ എങ്ങനെ അറസ്റ്റ് ചെയ്യാം എന്ന് ആലോചിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ആണ്..
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയിലും,ഇന്ത്യന്‍ നിയമ വ്യവസ്ഥയേയും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍..
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ പത്ത് ഇരുപത് ദിവസമായി മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനുമായി മത്സരിക്കുകയായിരുന്നു..
‘ പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയുമായി എന്ന അവസ്ഥയുമായി’ നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചതിനു ശേഷം മാത്രമേ വി.ഡി. സതീശന്‍ അടങ്ങൂ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ യുഡിഎഫിന് ഉള്ളില്‍ വി.ഡി.സതീശനെ കണ്ടാല്‍ മിണ്ടുന്ന എംഎല്‍എ മാരുടെ എണ്ണം കയ്യില്‍ എണ്ണുന്നതിനും താഴെയാണ്.. കോണ്‍ഗ്രസിന്റെ 65 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷനേതാവാണ് വി. ഡി. സതീശന്‍.എനിക്ക് സതീശനെക്കുറിച്ച് ഇനിയും പറയാനുണ്ടെന്ന് സതീശന് അറിയാം അത് എന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് സതീശന് നല്ലത്..
വര്‍ഗീയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് എങ്ങനെയും അധികാരം നിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് പിണറായി വിജയനും,വി ഡി സതീശനും ഉള്ളത്.അതിനുവേണ്ടി ഈ നാടിനെയും ഈ നാടിന്റെ മതസൗഹാര്‍ദത്തെയും അവര്‍ ഒറ്റുകൊടുക്കുന്നു.കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല..
ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കാത്ത ഈ രാജ്യത്തിന്റെ അഖണ്ഡതയെ ബഹുമാനിക്കാത്ത വര്‍ഗീയ, തീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് രാജ്യസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടെയും സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു..
എന്നെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനമെടുത്ത നാള്‍ മുതല്‍ പിണറായി വിജയന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാമത്തെ ഫലം ജൂണ്‍ മൂന്നിന് ഉണ്ടാകും. അതിന് ശേഷം പിണറായിക്ക് തിരിച്ചടികളുടെ കാലം ആയിരിക്കും…
പി.സി. ജോര്‍ജ്
ചെയര്‍മാന്‍
കേരള ജനപക്ഷം (സെക്യൂലര്‍)