കള്ളപ്പണം വെളുപ്പിക്കല്‍ ; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. സത്യേന്ദര്‍ ജയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന് ഇഡി അറിയിച്ചു. എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്‍. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ജെയിനിന്റെ കുടുംബത്തിന്റെ 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനത്തിന് ജെയ്‌നിനെതിരെ സിബിഐ കേസെടുത്തിരുന്നു.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. സിബിഐയും നേരത്തെ ജയിനെ കുടുക്കാന്‍ നോക്കിയതാണെന്ന് എഎപി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് 2018ല്‍ ഇഡി സത്യേന്ദര്‍ ജയിനെ ചോദ്യം ചെയ്തിരുന്നു. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെയിനിനെ അറസ്റ്റ് ചെയ്യാന്‍ ഇഡി പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ ജെയിനിന്റെ അറസ്റ്റിനെ അപലപിക്കുകയും ബിജെപിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു, ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ ജെയിനിനെ ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞു.