ജനനേന്ദ്രീയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേര്‍ക്കും

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേര്‍ക്കും. ബലാല്‍സംഗ കേസിലാണ് സ്വാമി പ്രതിയാകുന്നത്. ജനനേന്ദ്രീയം ഛേദിച്ചതില്‍ പെണ്‍കുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നല്‍കും. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി. ജനനേന്ദ്രിയം ഛേദിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കാമുകന്‍ അയ്യപ്പദാസിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിയമോപദേശം തേടിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ജനനേന്ദ്രീയം ഛേദിച്ചതും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയും രണ്ട് കേസായി പരിഗണിച്ച് രണ്ട് കുറ്റപത്രം നല്‍കാനാണ് നിയമോപദേശം.

ലിംഗം ഛേദിച്ചതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയും പരാതിയും സ്വാമി പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്നും അന്ന് രാത്രിയിലും പീഡിപ്പിക്കുന്നതിനിടെ സ്വയരക്ഷക്ക് സ്വാമിയെ ആക്രമിച്ചെന്നുമാണ്. പിന്നീട് മൊഴി തിരുത്തിയെങ്കിലും ആദ്യ പരാതി ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് ബലാല്‍സംഗക്കേസില്‍ സ്വാമിയെ പ്രതിയാക്കുന്നത്. എന്നാല്‍ ഉപദ്രവത്തിന് മറ്റ് കൂടുതല്‍ തെളിവുകളില്ലന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വാമിയുടെ ലിംഗം ഛേദിച്ച രണ്ടാം കേസില്‍ പെണ്‍കുട്ടിയും കാമുകനും പ്രതിയാകും.

കാമുകനൊപ്പം ജീവിക്കുന്നതിന് സ്വാമി തടസം നിന്നതിന്റെ വൈരാഗ്യത്താല്‍ ഇരുവരും ചേര്‍ന്ന് പദ്ധതി തയാറാക്കി ലിംഗം മുറിച്ചെന്നുമാണ് കണ്ടെത്തല്‍. എസ്. പി. പ്രകാശന്‍ കാണിയുടെ നേതൃത്വത്തിലെ സംഘം തയാറാക്കിയ കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവി അംഗീകരിച്ചാല്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോള്‍ 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഏറെ വിവാദമായ കേസില്‍ വിശദമായ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും കാമുകനും കരുതി കൂട്ടിയാണ് ജനനേന്ദ്രീയം ഛേദിച്ചത് എന്ന് കണ്ടെത്തിയത്.