ആര്യന്‍ ഖാന്‍ കേസ് അന്വേഷിച്ചിരുന്ന സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്‌സ് പെയര്‍ സര്‍വീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാങ്കഡെയെ ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ദലിത് വിഭാഗക്കാരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വാങ്കഡെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യന്‍ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാല്‍, പ്രൈവറ്റ് ഡിക്ടറ്റീവ് കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനായി പ്രഭാകര്‍ സെയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പിന്നീട് നടത്തിയത്. ആര്യന്‍ ഖാനെ കുടുക്കിയതാണ്. ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കാനായിരുന്നു ശ്രമം.

സമീര്‍ വാംഗഡെയും കിരണ്‍ ഗോസാവിയുമെല്ലാം ചേര്‍ന്ന് ഒരു സംഘമാണ്. ഷാരൂഖിന്റെ മാനേജര്‍ പൂജാ ദാദ്‌ലാനിയുമായി അറസ്റ്റിനി പിന്നാലെ ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തലിനൊപ്പം കിരണ്‍ ഗോസാവി മുങ്ങി. പിന്നീട് പൂനെ പൊലീസാണ് തട്ടിപ്പ് കേസില്‍ പിടികൂടിയത്. പ്രഭാകര്‍ സെയിലില്‍ ഒന്നും അവസാനിച്ചില്ല. ആരോപണങ്ങളുമായി കൂടുതല്‍ സാക്ഷികളെത്തി. ആരും റെയ്ഡ് നേരിട്ട് കണ്ടിട്ടില്ല. നിര്‍ബന്ധിച്ച് രേഖകളിലൊപ്പിടീച്ച് സാക്ഷികളാക്കിയത് എന്നായിരുന്നു വെളിപ്പെടുത്തല്‍. സാക്ഷികളുടെ വെളിപ്പെടുത്തലോടെ സമീര്‍ വാംഗഡെ പ്രതിരോധത്തിലായി. ആരോപണങ്ങള്‍ അന്വേഷിക്കാനായി എന്‍സിബി വിജിലന്‍സ് സംഘത്തെ അയച്ചു. ആര്യനടക്കം പ്രതികള്‍ക്ക് 26 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം കിട്ടി. ആരോപണങ്ങള്‍ക്കപ്പുറം ശക്തമായ തെളിവുകളൊന്നും എന്‍സിബിയുടെ പക്കലില്ലായിരുന്നു. മഹാരാഷ്ട്രാ പൊലീസും സാക്ഷികളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചു. കാര്യങ്ങള്‍ ഈ വിധം കുഴഞ്ഞ് മറിയുന്നതിനിടെ എന്‍സിബി സമീര്‍ വാംഗഡെയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു.