ബി ജെ പിയിലേക്ക് ഉടനെ ഇല്ല എന്ന് പി സി ജോര്‍ജ്ജ്

തല്ക്കാലം ബിജെപിയില്‍ ചേരില്ലെന്ന് പി സി ജോര്‍ജ്. എന്‍ഡിഐയുടെ ഭാഗമാകണോ എന്നതില്‍ തീരുമാനം പിന്നീട്. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നല്‍കി. ബിഷപ്പിനെ താന്‍ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തില്‍ നിക്കരുതെന്നും പി സി ജോര്‍ജ് വ്യകതമാക്കി.

ഓര്‍ത്തഡോസ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ കഴിഞ്ഞ ദിവസം പി.സി. ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം സംസാരിച്ചത്. ക്രൈസ്തവരുടെ മുഴുവന്‍ നിലപാട് പറയാന്‍ പി.സി. ജോര്‍ജിനെ ആരും ഏല്‍പ്പിച്ചിട്ടില്ല എന്നതടക്കമുള്ള പ്രസ്താവനയില്‍ പി.സി മറുപടി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഷപ്പുമാരെ നികൃഷ്ട ജീവി എന്ന് വിളിച്ച ആളാണ് എന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. താന്‍ ഒരു ക്രൈസ്തവ മത നേതാവിനെയും അങ്ങനെ വിളിച്ചിട്ടില്ല. പിണറായി വിജയന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കൂടി അതിലുള്‍പ്പെടും എന്നാണ് ജോര്‍ജ് മറുപടി നല്‍കുന്നത്. പിണറായി വിജയന് താങ്കള്‍ നികൃഷ്ടജീവി ആണ് എന്നും അതു കൂടി ഓര്‍ക്കുന്നത് നല്ലതാണ് എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പുറപ്പെടുവിച്ച അഭിപ്രായം ഓര്‍ത്തഡോസ് സഭ തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മിലിത്തോസ് നടത്തിയത് വ്യക്തിപരമായ പരാമര്‍ശമാണ് എന്നും ഓര്‍ത്തഡോസ് സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമാണ് ഇന്നലെ ഉന്നയിച്ചത്. കത്തോലിക്കാ സഭാ നേതൃത്വത്തെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

അതേസമയം, തന്റെ രണ്ടു വിവാദ പ്രസംഗങ്ങളും തെറ്റാണ് എന്ന് പറയാന്‍ പി.സി. ജോര്‍ജ് തയ്യാറായില്ല. പകരം വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് ഈരാറ്റുപേട്ടയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പി.സി. ജോര്‍ജ് വ്യക്തമാക്കി. തൃക്കാക്കര പ്രചാരണത്തിന് എത്തിയപ്പോള്‍ വിദ്വേഷപരമായ പരാമര്‍ശങ്ങളൊന്നും നടത്താന്‍ പി.സി. ജോര്‍ജ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പഴയ നിലപാട് തിരുത്താതെ ജോര്‍ജ് മാധ്യമങ്ങളെ കണ്ടത്.

തൃക്കാക്കരയില്‍ മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ജോര്‍ജ് കഴിഞ ദിവസം എത്തിയത്. എന്നാല്‍ ബിജെപിയിലേക്ക് ചേരുമെന്ന ആരോപണങ്ങള്‍ പി.സി. ജോര്‍ജ് തള്ളിക്കളഞ്ഞു. താന്‍ ബി.ജെ.പി. പാളയത്തിലേക്ക് ഇല്ല എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.സി. ജോര്‍ജ് പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പി. പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ സഹകരിക്കാന്‍ കൊള്ളാവന്നവര്‍ അവര്‍ മാത്രമാണ് എന്ന് പി.സി. ജോര്‍ജ് മറുപടി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിന് തടയിട്ടുകൊണ്ട് പൊലീസ് അയച്ച സമന്‍സ് രാഷ്ട്രീയ പ്രേരിതമാണ് എന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഫോര്‍ട്ട് ACയോട് മാത്രമല്ല, ഏത് കോണ്‍സ്റ്റബിനോടും താന്‍ സഹകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതോടെ തന്നെ വേണ്ട എന്ന നിലപാടാണ് ഇപ്പോള്‍ പോലീസിനുള്ളത് എന്നും ജോര്‍ജ് ഈ വിഷയത്തിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതിന് പിന്നാലെ ഏതു സമയത്തും ഹാജരാക്കാന്‍ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ് പോലീസിന് കത്തു നല്‍കിയിരുന്നു.

പിണറായുടെ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് ബി.ജെ.പി.യാണ് എന്നും പി.സി. ജോര്‍ജ് പറയുന്നു. സ്വാഭാവികമായും താന്‍ അതിന്റെ നന്ദി പ്രകടിപ്പിക്കും എന്നാണ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നത്.സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി താന്‍ ആരുടെയും കക്ഷി ചേരില്ല എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പി.സി. ജോര്‍ജ് പറയുന്നു. വെള്ളാപ്പള്ളി നടേശന്‍ പി.സി. ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവനകളെ നേരിട്ട് തിരിച്ച് ആക്രമിക്കാന്‍ പി.സി. ജോര്‍ജ് തയ്യാറായില്ല. വെള്ളാപ്പള്ളിയുടെ വിമര്‍ശനം ജേഷ്ഠ സഹോദരന്റെ ശാസനയായെ കണക്കാക്കൂ എന്നാണ് ജോര്‍ജ് മിതമായ ഭാഷയില്‍ മറുപടി നല്‍കിയത്.