കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) ആണു മരിച്ചത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂണ്‍ കൊണ്ട് തുരന്നാണ് പ്രതി ഇന്നലെ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്തുവച്ച് ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലില്‍വച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരുക്കേല്‍ക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. അതേസമയം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാവീഴ്ച നിത്യ സംഭവമാവുകയാണ്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊര്‍ണൂരില്‍ വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്.
മാസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം മഞ്ചേരി സ്വദേഷി മുനീറിനെ (42) സെല്ലിലെ അഴിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരുക്കിട്ടാണ് ഇയാള്‍ ആത്മഹത്യചെയ്തതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. വനിതാ അന്തേവാസികള്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളില്‍ ഉള്‍പ്പെടെ എലി ശല്യം രൂക്ഷമാണെന്നാണ് പരാതി. മഴ തുടങ്ങിയതോടെ വാര്‍ഡില്‍ ചോര്‍ച്ചയുമുണ്ട്. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.