പങ്കാളികളായ യുവതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈകോടതി അനുമതി
പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈകോടതി അനുമതി. തന്റെ ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാര്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി വീട്ടു തടങ്കലിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശിയായ ആദില നസ്രിനാണ് ഹൈക്കോടതിയെ സമീപിച്ചത്. വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആദില ആവശ്യപ്പെട്ടത്. സൗദി അറേബ്യയില്‍ സ്‌കൂള്‍ പഠനകാലത്താണ് ആദിലയും താമശേരി സ്വദേശിയായ ഫാത്തിമ നൂറയും ഇഷ്ടത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വിവരം അറിഞ്ഞ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. നാട്ടിലെത്തിയ ശേഷവും ഇരുവരും തമ്മിലുള്ള അടുപ്പം തുടര്‍ന്നു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും വീട് വിട്ടിറങ്ങുകയും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തില്‍ താമസിക്കുകയുമായിരുന്നു. അതിനിടെയാണ് ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഫോണ്‍ പിടിച്ചുവാങ്ങി വെക്കുകയും മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഇതോടെയാണ് ആദില നസ്രിന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ആദില ഹൈക്കോടതിയില്‍ വാദിച്ചത്.