ജോ ജോസഫിന്റെ വ്യാജ വിഡിയോ ; പിടിയിലായയാള്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാള്‍ മുസ്‌ലിം ലീഗ് അനുഭാവിയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇയാള്‍ ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. അറസ്റ്റിലായ അബ്ദുല്‍ ലത്തീഫിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലത്തീഫിന്റെ ഫോണില്‍നിന്ന് വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ തൃക്കാക്കരയില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
സാമൂഹിക മാധ്യമത്തില്‍ 3 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്. അതേസമയം ഇലക്ഷന്‍ ദിവസം തന്നെ അറസ്റ്റ് നടന്നത് സി പി എമ്മിന്റെ രാഷ്ട്രീയ നാടകമാണ് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.