സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസങ് ; ആപ്പിള്‍ രണ്ടാം സ്ഥാനത്ത്
2022 ന്റെ ആദ്യ പാദത്തില്‍ 24 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസങ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും കൂടിയ സ്മാര്‍ട്ട്ഫോണ്‍ വിപണി വിഹിതമാണ് കമ്പനി കൈവരിച്ചത്. സാംസങ്ങിന്റെ ഗാലക്സി എസ് 22 സീരീസും കമ്പനിയുടെ ലോ ബജറ്റും മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകളുമാണ് കമ്പനിയുടെ വിജയത്തിന് പ്രധാന കാരണം. 2017 ന് ശേഷം ആദ്യമായി സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തില്‍ സാംസങ് ഇത്രയും വലിയ ആധിപത്യം കൈവരിക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് കണക്കുകള്‍ അനുസരിച്ച്,സാംസങ്ങിന് ഇപ്പോള്‍ 24 ശതമാനം വിപണി വിഹിതമുണ്ട്. 2017ല്‍ സാംസങ്ങിന് 25 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു.
ആപ്പിളാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 15 ശതമാനം വിഹിതമുണ്ട്. അതുപോലെ രണ്ടാമത്തെ ഏറ്റവും വലിയ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിക്ക് 2022 ലെ ഒന്നാം പാദത്തില്‍ 12 ശതമാനം വിപണി വിഹിതമാണ് ലഭിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ഔട്ട്പുട്ടില്‍ കുറവ് വരുത്തുമെന്ന് സാംസങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ വിപണി വിഹിതം കൂടിയ വാര്‍ത്ത എത്തിയത്. വിവിധ പ്രശ്നങ്ങള്‍ കാരണം കോര്‍പ്പറേഷന്‍ ഏകദേശം 30 ദശലക്ഷം യൂണിറ്റുകളുടെ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ് എന്നാണ് വന്ന വാര്‍ത്ത.
ദക്ഷിണ കൊറിയയിലെ മെയില്‍ ബിസിനസ് ന്യൂസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് 2022-ല്‍ 30 ദശലക്ഷം ഉപകരണങ്ങളുടെ നിര്‍മ്മാണം കുറയ്ക്കും. 2022-ല്‍ ആപ്പിള്‍ 20 ദശലക്ഷം ഐഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാംസങ്ങിന്റെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള പ്രധാനകാരണം കൊവിഡ്-19-മായി ബന്ധപ്പെട്ട് അസംസ്‌കൃത സാമഗ്രി വിതരണ ശൃംഖലകളില്‍ വന്ന പ്രശ്‌നങ്ങളാണ്. ഇതിന് പുറമേ തുടര്‍ച്ചയായ ഘടക ദൗര്‍ലഭ്യവും ഉക്രേനിയന്‍ സംഘര്‍ഷവും സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താന്‍ സാംസങ്ങിനെ പ്രേരിപ്പിച്ചു.