ആവേശത്തോടെ തൃക്കാക്കര ; കനത്ത പോളിങ് ; ഇതുവരെ 62.40 ശതമാനം പേര്‍ വിധിയെഴുതി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം 2021നെ മറികടക്കുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. വൈകിട്ട് നാല് മണിവരെയുള്ള കണക്ക് പ്രകാരം 62.40 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. 2021ല്‍ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 2011ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിംഗ്. 2016ല്‍ ഇത് 74.71 ശതമാനമായി. ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്ന് രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ വിധിയെഴുതുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.ഇതിനിടെ, കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സംഭവങ്ങളും ഉണ്ടായി. വൈറ്റില പൊന്നുരുന്നിയിലെ സ്‌കൂളിലെ പോളിങ് ബൂത്തില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കവെ ഒരാള്‍ പിടിയിലായി. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ് എന്നാണ് പറയപ്പെടുന്നത്. യുഡിഎഫ്, എന്‍ഡിഎ ബൂത്ത് ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംഗ്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കര്‍, ലാല്‍, ഹരിശ്രീ അശോകന്‍ എന്നിവരും രാവിലെ വോട്ട് ചെയ്തു. പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.
കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയില്‍ കണ്ടത്. യുഡിഎഫ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദ?ഗ്ധനായ ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയത്. ആദ്യ അഞ്ചു മണിക്കൂറില്‍ അതായത് രാവിലെ പന്ത്രണ്ടു മണിവരെ 39.31 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയര്‍ത്തിയതോടെ മണ്ഡലം ചൂടുപിടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമായി. അപ്പുറവും മോശമാക്കിയില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാനും യുവ നേതാക്കളും എകെ ആന്റണിയും വരെ സജീവമായി. ഇതിനിടെ അശ്ലീല വീഡിയോ അടക്കം ആരോപണ പ്രത്യാരോപണങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. പി സി ജോര്‍ജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസും ആളിക്കത്തി.