മൂന്നു നേരവും വീട്ടില്‍ ഭക്ഷണം മാഗി ; വിവാഹമോചനം നേടിയ ഭര്‍ത്താവിന്റെ ഓര്‍മ്മ പങ്കുവെച്ചു കോടതി ജഡ്ജി
മൈസൂരിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.എല്‍ രഘുനാഥാണ് നിസ്സാരകാര്യങ്ങളുടെ പേരില്‍ ദമ്പതികള്‍ വിവാഹമോചനം തേടുന്ന കേസുകളെ കുറിച്ച് പറഞ്ഞത്. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും മാഗി ഉണ്ടാക്കി നല്‍കുന്നു എന്നും പറഞ്ഞാണ് വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയില്‍ എത്തിയത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം കര്‍ണാടകയിലെ ബല്ലാരിയില്‍ ജില്ലാ ജഡ്ജിയായിരുന്നു. രഘുനാഥ് ഇതിനെ ‘മാഗി കേസ്’ എന്നാണ് വിശേഷിപ്പിച്ചത്. ഭാര്യ കടയില്‍ പോയാല്‍ മാ?ഗി മാത്രമാണ് വാങ്ങുന്നതെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടതായി ജഡ്ജി ഓര്‍ക്കുന്നു. ഭാര്യക്ക് ഉണ്ടാക്കാന്‍ അറിയാവുന്ന ഏക കാര്യം മാഗിയാണ്. അതുകൊണ്ട് കാലത്ത് പ്രാതലിനും, ഉച്ചഭക്ഷണത്തിനും, അത്താഴത്തിനും എല്ലാം മാഗി മാത്രമായി. അതിനാലാണ് പിരിയുന്നത് എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഒടുവില്‍ പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചിതരായെന്ന് രഘുനാഥ് പറഞ്ഞു.
”വിവാഹമോചന കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം ആവശ്യപ്പെടുന്നതിന് മുമ്പ് ദമ്പതികള്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിക്കണം. അങ്ങനെയൊരു നിയമം ഇല്ലായിരുന്നുവെങ്കില്‍, വിവാഹമോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ കല്യാണമണ്ഡപങ്ങളില്‍ നിന്ന് നേരെ ദമ്പതികള്‍ കോടതിയില്‍ എത്തിയേനേ’ രഘുനാഥ് പറയുന്നു. കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ദമ്പതികള്‍ തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഓര്‍ത്താണ് പലപ്പോഴും ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ പലപ്പോഴും മാനസികമാണ് എന്നും അദ്ദേഹം പറയുന്നു. ആകെ നടന്ന 900 വിവാഹമോചന കേസുകളില്‍ മുപ്പതോളം എണ്ണം ഒത്ത് തീര്‍പ്പില്‍ എത്തിക്കാന്‍ കോടതിയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
നിസ്സാരപ്രശ്നങ്ങളുടെ പേരില്‍ കോടതിയെ സമീപിക്കുന്നവര്‍ കുറവല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പ്ലേറ്റിന്റെ തെറ്റായ ഭാഗത്ത് ഉപ്പ് ഇട്ടതിന്റെ പേരിലോ, വിവാഹ വസ്ത്രത്തിന്റെ നിറം ശരിയാകാത്തതിന്റെ പേരിലോ, പങ്കാളിയോട് സംസാരിക്കുന്നില്ലെന്ന പേരിലോ, ഭാര്യയെ പുറത്ത് കൊണ്ടു പോകുന്നില്ലെന്ന പേരിലോ ഒക്കെ വിവാഹമോചന ഹര്‍ജികള്‍ കോടതിയില്‍ എത്താറുണ്ടെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. അറേഞ്ച്ഡ് വിവാഹങ്ങളില്‍ മാത്രമല്ല, പ്രണയവിവാഹങ്ങളിലും വിവാഹമോചനം കുറവല്ലെന്ന് അദ്ദേഹം പറഞ്ഞു